ഉള്ളടക്കം

ഞാറ്റു പാട്ട്

ഞാറ്റുപാട്ട്


മലനാടിന്റെ നെല്‍പ്പാടങ്ങള്‍ ഒരുകാലത്ത് കാതോര്‍ത്തു നിന്നിരുന്ന താളവും ഈണവും ഇന്ന് അരങ്ങൊഴിഞ്ഞിരിക്കുന്നു. ഞാറു നടുന്നതിനും കൊയ്ത്തിനും ഒക്കെ ഇവിടെ ഉഴവര്‍ക്കു പാട്ടുകള്‍ നിലനിന്നിരുന്നു. ഈ പാട്ടുകള്‍ മൊഴിയുടെ തനിമയെ പേണുന്നതിലും അതിന്‍ പലമയെ എടുത്തുകാട്ടുന്നതിലും വലിയ പങ്ക് പേറിയിട്ടുണ്ട്.

കൊയ്ത്തിനിടയില്‍ പാടുന്ന കൊയ്ത്തു പാട്ടുപോലെ തന്നെ ഞാറു നടുമ്പോഴും പാടാന്‍ പാട്ടുകള്‍ ഉണ്ടായിരുന്നു. ഈ പാട്ടുകള്‍ ആണ്‍ ഞാറ്റുപാട്ടുകള്‍ എന്ന് അറിയപ്പെടുന്നത്. പണിയുടെ കടുപ്പത്തിന് അയവു വരുത്തുവാനും ഞാറു നടുന്നതില്‍ ഒരു താളം നിലനിര്‍ത്തുതിനും വേണ്ടിയാണ് ഞാറ്റുപാട്ടുകള്‍ പാടിയിരുന്നത്. പുലയരുടെ ഇടയില്‍ തലമുറകളായി വാമൊഴിയിലൂടെ പകര്‍ന്നു പാടിയിരുന്നതിനാല്‍ ഈ പാട്ടുകള്‍ ‘പുലയര്‍പാട്ട്’ എന്നും അറിയപ്പെടുന്നു. കേരള പഴുവത്തിലെ ഓരോ തട്ടിലും പാട്ടുകള്‍ക്ക് ഉണ്ടായിരുന്നു പെരുമ എത്രത്തോളം ആയിരുന്നു എന്ന് ഞാറ്റുപാട്ടുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

തിരു ഉള്ളൂര്‍ അവര്‍കളുടെ കേരളസാഹിത്യ ചരിത്രം എന്ന ഏടില്‍ നിന്നും എടുത്ത ഒരു ഞാറ്റുപാടിന്റെ വരികള്‍ :-

മാരിമഴകള്‍ ചൊരിഞ്ചേ ചെറു വയലുകള്‍ ഒക്കെ നനഞ്ചേ
പൂട്ടിയൊരുക്കിപ്പറഞ്ചേ ചെറു ഞാറുകള്‍ കെട്ടിയെറിഞ്ചേ
ഓമല ചെന്തില മാലചെറു കണ്ണമ്മ കാളി കറുമ്പി
ചാത്ത ചടയന്‍മാരായ ചെറു മച്ചികളെല്ലാരും വന്തേ
വന്തു നിരന്തവര്‍ നിന്റേ കെട്ടി ഞാറേല്ലാം കെട്ടിപ്പകുത്തേ
ഒപ്പത്തില്‍ നട്ടുകരേറാനവര്‍ കുത്തിയുടുത്തു കുനിഞ്ചേ
കണ്ണച്ചെറുമയപ്പോള്‍ അവള്‍ ഓമലേയെന്നു വിളിച്ചേ
പാട്ടൊന്നു പാടീട്ടു വേണം നിങ്ങള്‍ നട്ടുകരയ്ക്കങ്ങു കേറാന്‍
അപ്പോളോരു തത്തപ്പെണ്ണ് അവള്‍ മേമരമേറിക്കരഞ്ചേ
മേപ്പോട്ടു നോക്കിപ്പറഞ്ചേ കൊച്ചു ഓമല കട്ടിച്ചെറുമി
തത്തമ്മപ്പെണ്ണേ നീയിപ്പോള്‍ ഇങ്കെ വന്തൊരു കാരിയം ചൊല്ലു

ഈ പാട്ടില്‍ ചില ഇയലുകള്‍ നമുക്കു കാണുവാന്‍ ആകും. അച്ചടിമലയാളത്തിലെ ‘ഞ്ഞ’ ഇവിടെ പഴയ മലയാളത്തിന്റെ ചൊലുത്ത് എന്ന പോലെ ‘ഞ്ച’ ആയി നിലനില്‍ക്കുന്നു. ഇവിടെ നനഞ്ചേ ( നനഞ്ഞേ ), ചൊരിഞ്ചേ (ചൊരിഞ്ഞേ), കരഞ്ചേ (കരഞ്ഞേ) എന്ന പെരുമാറ്റത്തിനു പുറമേ വരമൊഴിയില്‍ ‘ന്ന’ വരുന്നിടത്തു തമിഴിലെ പോലെ ‘ന്ത’ ആണെന്നത് കാണുക, വന്തു (വന്നു), നിരന്തവര്‍ (നിരന്നവര്‍). ഇതിനു പുറമെ ഒടുവിലത്തെ വരിയിലായി ‘ഇങ്കെ’ എന്ന് പെരുമാറിയിരിക്കുന്നത് കാണുവാന്‍ കഴിയുന്നു. ‘ഇവിടെ’ എന്നതിന്റെ മറ്റൊരു വടിവാണ് ഇത്, ‘ഇങ്ങേ’ എന്ന പെരുമാറ്റത്തിന് ഇതുമായി ചാര്‍ച്ചയുണ്ട്. തമിഴില്‍ ഇത് ‘ഇങ്കൈ’ എന്നാകുന്നു. വരമൊഴിയില്‍ നിന്നും വായ്മൊഴിക്ക് ഉള്ള വേര്‍തിരിവ് ഇവിടെ തെളിഞ്ഞു കാണാവുന്നത് അണ്. കൂടാതെ പാട്ടിന്റെ തുടക്കത്തില്‍ ‘മാരിമഴക’ എന്ന പെരുമാറ്റം നോക്കുക, മാരി , മഴ ഇവ രണ്ടിന്റെയും പൊരുള്‍ ഒന്നു തന്നെയാകെയാല്‍ ഇത് ഒരു അണി ആണെന്നുള്ളത് തെളിവാണ്. കുടാതെ തത്തപ്പെണ്ണ് പോലുള്ള പെരുമാറ്റങ്ങളും വാമൊഴിയുടെ ചെല്‍വത്തെ എടുത്തുകാട്ടുന്നത് തന്നെ.

ഈ പാട്ട് കേള്‍ക്കുവാനായി കീഴെ നല്‍കിയിരിക്കുന്ന വീഡിയോകള്‍ കാണാം.


വിവരം തേടല്‍

1. കേരളസാഹിത്യചരിത്രം ഒന്നാം വാല്യം, മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, 1953 ജൂണ്‍.

പൊരുള്‍


ഉഴവര്‍ - കൃഷിക്കാര്‍, കര്‍ഷകര്‍ farmers | പേണുക - പരിപോക്ഷിപ്പിക്കുക foster, cherish | പഴുവം - സമൂഹം, കൂട്ട് ( മറ്റു: കാട് ) society | ഇയല്‍ - സ്വഭാവം, സ്വഗുണം (മറ്റു: കാവ്യം, സദാചാരം) | ചാര്‍ച്ച - ബന്ധം relation| അണി - അലങ്കാരം | ചെല്‍വം - സമ്പത്ത് |

വാക്കുശേകരം കാണുക